കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ ജൂലൈ 5 ന്
- Akhila Dhaneesh
- Jan 24, 2020
- 1 min read
Updated: Jan 25, 2020

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എയ്‌ഡഡ്, അൺഎയ്‌ഡഡ് സിബിഎസ്‌ഇ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എബിലിറ്റി ടെസ്‌റ്റിന് (സി ടെറ്റ്) വെള്ളിയാഴ്‌ചമുതൽ അപേക്ഷിക്കാം. കേരളത്തിലെ പ്രൈമറി ക്ലാസുകളിലെ അധ്യാപക നിയമനത്തിനും സി ടെറ്റ് യോഗ്യത പരിഗണിക്കും. വർഷം രണ്ടു തവണ നടത്തുന്ന പരീക്ഷയുടെ 2020 ലെ ആദ്യ പരീക്ഷ ജൂലൈ അഞ്ചിന് നടക്കും. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. 27ന് പകൽ 3.30വരെ ഫീസ് അടയ്‌ക്കാനുള്ള സൗകര്യമുണ്ട്. പ്രൈമറി സ്‌കൂൾ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി -ടെറ്റ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ അധ്യാപകരാകാൻ പേപ്പർ ഒന്നും ആറുമുതൽ എട്ടാം ക്ലാസുവരെയുള്ള അധ്യാപക യോഗ്യതയ്ക്കായി പേപ്പർ രണ്ടും പാസാകണം. മലയാളം ഉൾപ്പെടെ 20 ഭാഷയിലായി 112 കേന്ദ്രങ്ങളിൽവച്ചാണ് എഴുത്തുപരീക്ഷ. ഒരു പേപ്പറിന് മാത്രം അപേക്ഷിക്കുന്ന ജനറൽ, ഒബിസി കാറ്റഗറികളിൽ ഉൾപ്പെടുന്നവർക്ക് 1000 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ്. രണ്ട് പേപ്പറിനുമായി അപേക്ഷിക്കുന്നവർക്ക് ജനറൽ, ഒബിസി 1200 രൂപ, എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസ്.
Comments