ധോണിയുടെ അപരാഹ്നം
- Krishnadas K
- Jan 10, 2020
- 1 min read

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയവരിൽ പ്രമുഖൻ മഹേന്ദ്ര സിങ് ധോണിയാണ്. അവസാനം വരെ പൊരുതുന്ന പടയാളികളുടെ സ്വഭാവം ഇന്ത്യൻ ടീം അംഗങ്ങൾക്ക് കൈവരുന്നത് ഈ കാലത്താണ്. വിജയം എന്നതിൽ കുറഞ്ഞ ഒരു ലക്‌ഷ്യം ഇന്ത്യൻ ടീമിന്ന് ഇല്ലാതാവുന്നതും ഗാംഗുലിയും ധോണിയും ഒക്കെ വഹിച്ച നേതൃത്വം കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ് ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട താരങ്ങളുടെ നിരയിൽ ധോണി ചിരപ്രതിഷ്ഠ നേടിയതും. ഐ പി എൽ വിവാദത്തിൽ ധോണി നേതൃത്വം കൊടുത്ത ടീം വൻ അഴിമതിയുടെ നിഴലിൽ പെട്ടപ്പോഴും ധോണിയുടെ വ്യക്തി പ്രഭാവത്തിന്ന് അത് വലിയ മങ്ങലേൽപ്പിച്ചില്ല.
കളിയുടെ കാര്യത്തിൽ ധോണിക്ക് പഴയ മിടുക്ക് കാണിക്കാൻ പറ്റാത്തത് പ്രായം അദ്ദേഹത്തെ ബാധിച്ചത് കൊണ്ടാണ് എന്ന് ഒരു പക്ഷം വാദിക്കുമ്പോൾ ചെറുപ്പക്കാരായ കുറെ ഏറെ കഴിവുറ്റ കളിക്കാർ പുറമെ കാത്ത് നിൽക്കുമ്പോൾ പഴയ പടക്കുതിര വിശ്രമിക്കേണ്ട സമയമായി എന്ന് മറുപക്ഷം വാദിക്കുന്നു. അതെന്തായാലും ഇന്ത്യൻ ക്രിക്കറ് ടീമിന്റെ ഇന്നത്തെ തമ്പുരാനായ രവിശാസ്ത്രി ധോണിയുടെ കാലം അവസാനിക്കാറായി എന്ന് ഏറെക്കുറെ ഉറപ്പിച്ചു സൂചിപ്പിച്ചിരിക്കുന്നു.
കളിക്കളത്തെ ആരവങ്ങളുടെ ഇടയിൽ നിന്ന് സ്റ്റേഡിയങ്ങളിലെ ചുമരുകളിലെ ഇതിഹാസങ്ങളുടെ നിരയിലേക്ക് കയറിപ്പോകുമ്പോൾ, മഹേന്ദ്ര സിങ് ധോണി എന്ന താരം ഉൾഗ്രാമങ്ങളിൽ നിന്ന് കളിയുടെ കനലുമായി കടന്ന് വരുന്ന ആയിരം ബാലന്മാർക്ക് മാർഗ്ഗ ദീപം ആകുന്നു.
Σχόλια