വിജയ് vs വിജയ്
- Jithu Jacob
- Jan 28, 2020
- 1 min read
വിജയ് നായകനാകുന്ന മാസ്റ്ററിന്റെ മൂന്നാം പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്നതാണ് മൂന്നാമത്തെ പോസ്റ്റർ. ചിത്രത്തിന്റെ രണ്ടാം പോസ്റ്ററിൽ വിജയ് സേതുപതിയുടെ വേഷം പ്രതീക്ഷിച്ചു എങ്കിലും വിജയ് തന്നെ ആയിരുന്നു ആ പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടത്. കർണാടകയിലെ ഷിമോഗയിൽ നടന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂൾ ഷൂട്ടിംഗിൽ ആയിരുന്നു വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായത്. അന്നുമുതൽ പോസ്റ്റർ ഇറങ്ങുന്നതുവരെ വിജയ് സേതുപതിയുടെ ചിത്രത്തിലെ ലുക്ക് സർപ്രൈസ് ആയിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് നടന്നത് ഡൽഹിയിലായിരുന്നു. നായിക മാളവിക മോഹനൻ ഉൾപ്പെടെ ഉള്ളവർ ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു. പിന്നീട് രണ്ടാംഘട്ട ഷെഡ്യൂളിന് ആണ് സംഘം കർണാടകയിലേക്ക് തിരിച്ചത്. കർണാടകയിലെ ഒരു ജയിലിലായിരുന്നു ചിത്രീകരണം നടന്നത്. അതീവ രഹസ്യമായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിനിടയിൽ എടുത്ത ഒരു സ്റ്റിൽ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ വലിയ സസ്പെൻസ് ആണ് ഇപ്പോഴും പ്രേക്ഷകർക്ക് ഉള്ളത്. വിജയ് വ്യത്യസ്ത വേഷത്തിൽ എത്തുന്ന ഭാഗങ്ങളാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. കൈദിയുടെ വൻ വിജയത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

Comments